Friday, 15 November 2013

തിരുനക്കര ശിവന്‍.

കോട്ടയം നഗരമധ്യത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രമാണ് തിരുനക്കര. തിരുനക്കര തേവരുടെ അരുമയും നാട്ടുകാരുടെ അഭിമാനവുമായ 'ആനയഴകന്‍'-അതാണ് തിരുനക്കര ശിവന്‍..

ഒമ്പതേകാല്‍ അടി ഉയരം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട സുന്ദരരൂപം. അതെ, ഉയരമാണ് തങ്ങളുടെ വജ്രായുധമെന്ന് ശിവനും പറയില്ല, അവന്റെ ആരാധകരും ബലംപിടിക്കില്ല. കഴുത്ത് ഒടിയും വരെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന തലയെടുപ്പും

പ്രശ്‌നക്കാരന്‍ എന്നു പറയാനാവില്ലെങ്കിലും ക്ഷിപ്രകോപത്തിന്റെതായ ഒരു തൃക്കണ്ണ് എല്ലായ്‌പ്പോഴും ഒളിപ്പിച്ച് വെച്ചുകൊണ്ടാണ് ഈ ശിവന്റെയും നടപ്പ്. തീറ്റ കൊടുക്കാനായാലും ശരി ഒന്നാംപാപ്പാന്‍ ഒഴികെയുള്ളവര്‍ കൂടുതല്‍ അങ്ങോട്ട് തട്ടാനും മുട്ടാനും വരുന്നത് ഇദ്ദേഹത്തിന് പിടിക്കില്ല. എന്നാല്‍, മദപ്പാടിലും മറ്റും കെട്ടാറുള്ള തിരുവാര്‍പ്പ് ക്ഷേത്രപരിസരത്ത് ഇവന് കുറച്ച് പിള്ളേര് സെറ്റുമായി കാര്യമായ ചങ്ങാത്തമുണ്ട്. ഓല തീര്‍ന്നാലും ദാഹിച്ചാലുമൊക്കെ പാപ്പാന്‍മാര്‍ അടുത്തില്ലെങ്കില്‍ അവന്‍ അവരെ വിളിച്ചാണ് കാര്യം പറയാറ്. മദപ്പാടില്‍ പോലും ഈ സുഹൃത്തുക്കള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യും.

അഴകിന്റെ ശ്രീകോവിലാണ് തിരുനക്കര ശിവന്‍ എന്നു വിശേഷിപ്പിക്കാമെങ്കില്‍ ആ ശ്രീകോവിലിന്റെ തങ്കത്താഴികക്കുടമായ ഒരവയവം ഏതെന്ന് ചോദിച്ചാല്‍ അത് ആരെയും കൊതിപ്പിക്കുന്ന ആ ചെവികള്‍ തന്നെയാണ്. കേരളത്തില്‍ തന്നെ ഏറ്റവും വലിയ ചെവികളുള്ള ആനകളെ എടുത്താല്‍ തീര്‍ച്ചയായും ഒന്നാംറാങ്ക്, അല്ലെങ്കില്‍ രണ്ടാംറാങ്ക് ഈ ശിവകുമാരന് ഉറപ്പ്. നിലത്തിഴയുന്ന നല്ല വണ്ണമുള്ള തുമ്പിക്കൈ, എടുത്തകന്ന കൊമ്പുകള്‍ എന്നിവയും ശിവന്റെ ശുഭലക്ഷണങ്ങള്‍ തന്നെ.

1990-ഒക്ടോബര്‍ പതിനേഴാം തീയതിയാണ് തിരുനക്കരയില്‍ ശിവനെ നടയ്ക്കിരുത്തുന്നത്. കോടനാട് ആനക്കൂട്ടില്‍ നിന്നായിരുന്നു വരവ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള തിരുനക്കരയിലേക്കും ഏറ്റുമാനൂരേക്കും കോടനാട് കൂട്ടില്‍ നിന്നും രണ്ട് കുമാരന്‍മാരെ ഒന്നിച്ചാണ് കണ്ടെത്തുന്നതും കൊണ്ടുവരുന്നതും. കൂട്ടത്തില്‍ നല്ലതിനെ ഏറ്റുമാനൂരുകാര്‍ ആദ്യം തന്നെ സ്വന്തമാക്കി. അവനാണ് പിന്നീട് ഏറ്റുമാനൂര്‍ നീലകണ്ഠനായത്. പെട്ടെന്ന് ആരുടെയും കണ്ണിന് പിടിക്കാത്ത പാവത്താന്‍ ചെറുക്കനാണ് തിരുനക്കരയിലേക്ക് വന്നത്. ആനക്കൂട്ടില്‍ അവന്റെ പേര് തങ്കപ്പന്‍! പക്ഷേ 'കോടനാട് തങ്കപ്പന്‍' കോട്ടയത്ത് എത്തി 'തിരുനക്കര ശിവനായ'തോടെ കളി മാറി! ഒരിക്കല്‍ ആരുടെ കണ്ണുകള്‍ക്കും പെട്ടെന്ന് ഒന്നും സുഖിക്കുമായിരുന്നില്ലാത്ത ഒരാനക്കോലം, അവനിപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ക്ക് എല്ലായ്‌പ്പോഴും സുകൃതക്കാഴ്ചയായി വിലസുന്നു.

മലയാലപ്പുഴ രാജന്‍

ശബരിമല ക്ഷേത്രത്തില്‍ ധര്‍മശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിവരുന്ന ഗജവീരന്‍ എന്ന നിലയില്‍ കേരളം അങ്ങോളമിങ്ങോളം പ്രസിദ്ധനായിത്തീര്‍ന്ന സഹ്യപുത്രന്‍; അവനാണ് മലയാലപ്പുഴ രാജന്‍.. ..

എടുപ്പിലും നടപ്പിലും സഹ്യപുത്രന്മാരുടെ തറവാട്ടുമഹിമ വിളംബരം ചെയ്യുന്ന ഈ ആനത്താരത്തിന്റെ അവയവങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. എടുത്തകന്ന കൊമ്പുകളും ഭംഗിയാര്‍ന്ന വാല്‍ച്ചെവികളും നിലത്തിഴയുകയില്ലെങ്കില്‍ കൂടി നിലംതൊടുന്ന തുമ്പിക്കൈയും കരിവീട്ടി തോറ്റുപോകുന്ന കരിങ്കറുപ്പന്‍ നിറവുമെല്ലാം ഏത് ആനക്കൂട്ടത്തിലും മലയാലപ്പുഴ രാജനെ വേറിട്ട് നിര്‍ത്തും. ഉയരം ഒമ്പതരയടിക്ക് ഇത്തിരി മേലെ, മൂന്നരങ്ങില്‍ തടിച്ചുതുള്ളി നില്‍ക്കുന്ന ആനയ്ക്ക് പക്ഷേ ഇടനീളം കുറവായതിനാല്‍ പിന്നില്‍ നിന്ന് നോക്കിയാല്‍ ഉള്ളത്ര വലിപ്പം തോന്നിച്ചെന്നും വരില്ല.

ക്ഷേത്രത്തിലെ നാട്ടാനക്കേമന്മാരില്‍ എണ്ണം പറഞ്ഞ വീരന്‍ പാമ്പാടി രാജനുമായുള്ള അസാമന്യ രൂപസാദൃശ്യവും മലയാലപ്പുഴ ആനയുടെ പ്രത്യേകതയാണ്. പാമ്പാടി രാജന്റെയത്ര ഉയരവും ദേഹപുഷ്ടിയും വരില്ലെങ്കിലും എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ഈ രാജന്റെയും വ്യക്തിമുദ്രകളായി മാറിയിരിക്കുന്നു. മലയാലപ്പുഴ രാജന്റെ മുഖൂത്തേക്ക് ഇത്തിരി നേരം അടുപ്പിച്ച് ഒന്ന് നോക്കിനിന്നു പോയാല്‍ സ്വയമറിയാതെന്നോണം ആരും രണ്ട് ചുവട് പിന്നോട്ട് മാറിപ്പോകുന്ന ഒരു വജ്രായുധ ഭാവവും ഇവന്റെ മുഖത്തുണ്ട്.

“കൊലകൊല്ലി”

“കൊലകൊല്ലി” എന്ന് വിളിക്കപ്പെട്ടിരുന്ന ഈ കാട്ടാന പേപ്പാറ ഡാമിന് ചുറ്റും അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിന്‍റെ ചില ഭാഗങ്ങളിലും വിഹരിച്ചിരുന്ന ഒരൊറ്റയാന്‍ ആയിരുന്നു, പേപ്പാറ – അഗസ്ത്യവനം ഭാഗത്തെ വ്യാജവാറ്റു കേന്ദ്രങ്ങളില്‍ വാറ്റാന്‍ തയ്യാറാക്കി വച്ച പുളിപ്പിച്ച മിശ്രിതം കുടിച്ച് ഉന്മത്തനായി ജനവാസമേഖലകളിൽ ആക്രമണം നടത്തുമായിരുന്നു, ജനങ്ങളെ വിറപ്പിക്കുകയും അനവധി പേരെ വകവരുത്തുകയും ചെയ്ത കൊലകൊല്ലിയെ ഒരുപാട് തവണത്തെ കഠിനപരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ച് പിടിച്ചു. പ്രായമായ ആനയെ മെരുക്കാന്‍ കേരളത്തിനു പുറത്തു നിന്നെത്തിയ വിദഗ്ധര്‍ക്ക് മുന്നില്‍പിടിച്ചു നില്‍ക്കാന്‍ പറ്റാതെ പരിശീലനകാലയളവിൽ കൊലകൊല്ലി ചരിഞ്ഞു. 2006 ജൂണ്‍ ഒന്നിനാണു കൊലകൊല്ലിയെ വനപാലകര്‍ പിടികൂടി ആനക്കൊട്ടിലില്‍ അടച്ചത്. ജൂണ്‍ പതിനാറിനു ചരിഞ്ഞു. മേഖലയില്‍ ഏറെ നാശം വിതച്ച കൊലകൊല്ലിയുടെ ചരമവാര്‍ഷികദിനം ഇപ്പോഴും ആദിവാസികള്‍ ആചരിക്കാറുണ്ട്. നെല്ലിക്കപ്പാറയില്‍ കൊലകൊല്ലിയെ ദഹിപ്പിച്ച കുഴിക്കരികെ എല്ലാ വര്‍ഷവും ജൂണ്‍ പതിനാറിന് ആദിവാസികള്‍ വിളക്ക് കൊളുത്തുകയും പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്.

ചിറയ്ക്കല്‍ കാളിദാസന്

സമീപഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍......

ഇന്ന് മലയാളക്കരയിലെ ഏറ്റവും ഉയരമുള്ള ആനകളുടെ നിര പരിശോധിച്ചാല്‍, തീര്‍ച്ചയായും ആദ്യത്തെ പത്തോ പന്ത്രണ്ടോ പേരില്‍ ഒരാള്‍ എന്ന ബഹുമതിയും കാളിദാസനുണ്ടാകും. കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ മികച്ച ഉയരക്കേമന്‍ എന്ന തിളക്കം പരിഗണിച്ചാവും നല്ലൊരു ശതമാനം ആനപ്രേമികള്‍ക്കിടയില്‍ ഇവന്‍ 'ജൂനിയര്‍ തെച്ചിക്കോട്' എന്ന പേരിലും അറിയപ്പെടുന്നത്.

രണ്ടുവര്‍ഷം മുമ്പ് കാളിദാസന്റെ ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയ ഒരു ദശാസന്ധി ഇവന്റെ ജീവിതത്തിലുണ്ടായി. ഒട്ടേറെ ഗജകേസരികളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുള്ള ഏരണ്ടക്കെട്ട് എന്ന മാരകരോഗത്താല്‍ കാളിദാസനും നട്ടംതിരിഞ്ഞു. പക്ഷേ, യുവരാജാവിന്റെ പതിനായിരക്കണക്കായ ആരാധകരുടെ പ്രാര്‍ഥനകള്‍ ദൈവംതമ്പുരാന്റെ കണ്ണുതുറപ്പിച്ചെന്നതുപോലെ പത്തുപതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വയറ്റില്‍നിന്ന് എരണ്ടം പുറത്തുപോയി....രക്ഷപ്പെട്ടു. (എരണ്ടമെന്നാല്‍ ആനപ്പിണ്ടം. എരണ്ടം പുറത്തുപോകാതെ ദിവസങ്ങളോളം വയറ്റില്‍ കെട്ടിക്കിടക്കുകയും അതുകൊണ്ടുതന്നെ തീറ്റയും വെള്ളവും എടുക്കാനാവാതെ ആനയുടെ ആരോഗ്യം അനുദിനം വഷളാവുന്നതുമാണ് എരണ്ടക്കെട്ട് രോഗം).

അഗ്നിപരീക്ഷണം അതിജീവിച്ച് ഉത്സവനഗരികളിലേക്ക് പൂര്‍വാധികം ശക്തിയോടെ, തിളക്കത്തോടെ തിരിച്ചുവന്ന ചിറയ്ക്കല്‍ കാളിദാസനെ കൊട്ടുംകുരവയുമായാണ് ദൈവത്തിന്റെ സ്വന്തംനാട് വരവേറ്റത്. യുവരാജാവിന്റെ തലയെടുപ്പിനും താരത്തിളക്കത്തിനും ഇന്ന് കേരളം അങ്ങോളമിങ്ങോളം ആരാധകലക്ഷങ്ങള്‍. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ആനയുടെ 'ഇടത്തേക്കൂട്ട്' എന്ന അസൂയാര്‍ഹമായ ബഹുമതിയും ഈ ചെറുപ്പക്കാരനെ തേടിയെത്തിയതോടെ ചിറയ്ക്കല്‍ കാളിദാസന്റെ ദിനങ്ങള്‍ക്ക് ഇന്ന് പൊന്നുംവില!

Thursday, 14 November 2013

കുട്ടന്‍കുളങ്ങര അര്‍ജുനന്‍


തൃശ്ശൂരിലെ പൂരക്കമ്പക്കാരുടെ പഴയ തലമുറയുടെ മനസ്സില്‍ ചന്ദ്രവിഹാര്‍ ഗോവിന്ദന്‍കുട്ടിയെന്ന ആനയുടെ ഭംഗി ഇപ്പോഴും നിറഞ്ഞുനില്‍പ്പുണ്ട്. പ്രശസ്തനായ ആ ആനയുടെ ഛായ കുട്ടന്‍കുളങ്ങര അര്‍ജുനനില്‍ ദര്‍ശിക്കുന്ന ആനക്കമ്പക്കാര്‍ ഏറെയാണ്.

തലേക്കെട്ട് കെട്ടിയാല്‍ അഴിക്കുംവരെ ഒറ്റ നിലവാണ് അര്‍ജുനന്റെ പതിവ്. ഉത്തരേന്ത്യക്കാരനെങ്കിലും നാടന്‍ ആനയോളം സൗന്ദര്യമുണ്ട് അര്‍ജുനന്.
306 സെന്റീമീറ്ററാണ് ഉയരം. ഇരിക്കസ്ഥാനത്തെക്കാള്‍ ഉയര്‍ തലക്കുന്നി, സാധാരണയിലധികം നീളമാര്‍ന്നതും ഉറപ്പുള്ളതുമായ നടകള്‍, ലക്ഷണമൊത്ത 18 നഖങ്ങള്‍, അത്യപൂര്‍വമായ മദകരി ഇവയൊക്കെ അര്‍ജുനന്റെ ലക്ഷണത്തികവാണ്.


1991ല്‍ ഉത്തരേന്ത്യയില്‍നിന്ന് ക്രാങ്ങാട് നമ്പൂതിരിക്കായി പുന്നത്തൂര്‍ നന്ദകുമാര്‍രാജ കൊണ്ടുവന്ന ആനയാണ് ഇന്നത്തെ കുട്ടന്‍കുളങ്ങര അര്‍ജുനന്‍. അന്ന് എട്ടേമുക്കാല്‍ അടിയിലേറെ ഉയരമുണ്ടായിരുന്ന ആനയ്ക്ക് നല്ല കൊഴുത്ത ശരീരം മുതല്‍ക്കൂട്ടായിരുന്നു. ഒരല്പം നീളക്കുറവുള്ള വാലാണ് അര്‍ജുനന്റെ പ്രത്യേകത. പിന്നീട് ക്രാങ്ങാട് നമ്പൂതിരിയില്‍നിന്ന് ആറ്റാശ്ശേരി ഹംസയുടെ പക്കലെത്തിയതോടെ ആന ആറ്റാശ്ശേരി രാമചന്ദ്രനെന്നറിയപ്പെട്ടു. തുടര്‍ന്ന് മനിശ്ശേരി ഹരിദാസിന്റെ പക്കലെത്തിയതോടെ മനിശ്ശേരി അര്‍ജുനനെന്നായി പേര്.

1999ലാണ് മനിശ്ശേരി അര്‍ജുനനെ കുട്ടന്‍കുളങ്ങര ദേവസ്വം വാങ്ങുന്നത്. 2000 ജനവരി ഒമ്പതിന് മഹാവിഷ്ണുവിന് നടക്കിരുത്തിയതോടെ ആന കുട്ടന്‍കുളങ്ങര അര്‍ജുനനായി. 2002ല്‍ തൃശ്ശൂര്‍പ്പൂരം എഴുന്നള്ളിപ്പിനിടെ തിരുവമ്പാടി വിഭാഗം തിടമ്പ് ഏറ്റുവാങ്ങാനായ മികവും അര്‍ജുനനുണ്ട്. കുന്നംകുളം ചെറുവരമ്പത്തുകാവ് ദേവസ്വം വക ഗജശ്രേഷ്ഠന്‍ ബഹുമതിയും അര്‍ജുനന് കിട്ടിയിട്ടുണ്ട്.

മംഗലാംകുന്ന് അയ്യപ്പന്‍

അഴക് + തലയെടുപ്പ്



സിനിമാതാരമാണ് മംഗലാംകുന്ന് അയ്യപ്പന്‍. കേരളത്തിലും തമിഴകത്തും ഒട്ടനവധി സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്.

തമിഴില്‍ ശരത്കുമാറിനൊപ്പം 'നാട്ടാമെ'യിലും സാക്ഷാല്‍ രജനിക്കൊപ്പം മുത്തുവിലും. ജയറാമിനൊപ്പം ആനച്ചന്തം ഉള്‍പ്പെടെ മലയാളത്തിലും ഒട്ടേറെ സിനിമകള്‍. ഇതുകൂടാതെ പല സിനിമകള്‍ക്കും ഇപ്പോള്‍ അയ്യപ്പന്‍ ഒന്നും രണ്ടും ദിവസത്തെ കാള്‍ഷീറ്റ് നല്‍കാറുണ്ട്. എഴുന്നള്ളിപ്പാനകളിലെ യുവതാരത്തിന് 305 സെന്റീമീറ്ററാണ് ഉയരം.

2006-07 ല്‍ തൃശ്ശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്. ഈവര്‍ഷം ഫിബ്രവരി ആദ്യവാരം എറണാകുളത്തെ ചെറായയില്‍ നടന്ന തലപ്പൊക്കമത്സരത്തില്‍ അയ്യപ്പനായിരുന്നു ജേതാവ്.

1992 ല്‍ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍നിന്നാണ് മംഗലാംകുന്ന് സഹോദരര്‍ അയ്യപ്പനെ കണ്ടെടുക്കുന്നത്. 25 വയസ്സില്‍ താഴെയായിരുന്നു അന്ന് പ്രായം. അന്ന് മോട്ടീശിങ്കാര്‍ എന്നറിയപ്പെട്ട ഈ ആനയുടെ ഉയരം ഒമ്പതേകാല്‍ അടിയായിരുന്നു.

സാമാന്യത്തിലധികം വിരിഞ്ഞുയര്‍ന്ന തലക്കുന്നി, വീണ്ടെടുത്തതെന്ന് പറയാവുന്നതല്ലെങ്കിലും ഭംഗിയുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പിക്കൈ, കുറച്ച് വെള്ളനിറമാര്‍ന്ന രോമങ്ങളോടുകൂടിയ വാല്‍ ഇതെല്ലാമാണ് അയ്യപ്പനെന്ന ആനയുടെ സൗന്ദര്യത്തികവ്.

കേരളത്തിലെത്തിയ ആദ്യനാളുകളില്‍ ഒരല്പം ചൂടനായിരുന്നെങ്കിലും ഇന്ന് അയ്യപ്പന്‍ ശാന്തനാണ്. ചിങ്ങംമുതല്‍ തുലാംവരെയാണ് മദപ്പാട്കാലം. ഇക്കാലം കഴിഞ്ഞാല്‍ തികഞ്ഞശാന്തനാണ് ആനയെന്ന് മംഗലാംകുന്ന് സഹോദരരിലെ ചേട്ടന്‍ എം.എ. പരമേശ്വരന്‍ പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും മംഗലാംകുന്ന് ഗണപതിയെയുംപോലെ അയ്യപ്പനും ഉത്സവപ്പറമ്പുകളില്‍ ഫാന്‍സ് അസോസിയേഷനുകളായിക്കഴിഞ്ഞു. മറ്റ് ആനകളെക്കാള്‍ ചെറുപ്പമാണ് എന്ന പ്രത്യേകതയും അയ്യപ്പന് മുതല്‍ക്കൂട്ടാവുന്നു.

പാലക്കാട്ടെന്നതുപോലെ തെക്കന്‍ജില്ലകളിലും അയ്യപ്പന് ആരാധകരുണ്ട്. ഒറ്റച്ചട്ടക്കാരനാണ് അയ്യപ്പന്‍. തെങ്കരസ്വദേശി ശശികുമാറാണ് ഒന്നാംപാപ്പാന്‍..

ചെങ്ങല്ലൂര്‍ രംഗനാഥന്‍.

തമിഴ്‌നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിന്‍േറതായിരുന്നു ഈ ആന. കാവേരി നദിയില്‍നിന്ന് വലിയ അണ്ടാവുകളില്‍ ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള വെള്ളം എത്തിക്കലായിരുന്നു ജോലി. വൈക്കോലും ചോറും തീറ്റ. വളര്‍ന്നു വലുതായപ്പോള്‍ ക്ഷേത്രഗോപുരം കടക്കാന്‍ പറ്റാതായി. തമിഴ്‌നാട്ടില്‍ എഴുന്നെള്ളിപ്പുകള്‍ ഇല്ലാത്തതിനാല്‍ ശ്രീരംഗത്തുകാര്‍ക്ക് രംഗനാഥന്‍ അധികപ്പറ്റായി. അണ്ടാവുകള്‍ ഉരഞ്ഞ് വ്രണമായി. ഒട്ടിയ വയറുകള്‍, കുണ്ടിലായ കണ്ണുകള്‍, ആകെ ശോഷിച്ച നില. ക്ഷേത്രാധികാരികള്‍ ആനയെ വില്‍ക്കാന്‍ തീരുമാനിച്ചു. പത്രപരസ്യം കണ്ട് തൃശ്ശൂര്‍ അന്തിക്കാട് ചെങ്ങല്ലൂര്‍ മനയ്ക്കലെ പരമേശ്വരന്‍ നമ്പൂതിരി 1905 ല്‍ രംഗനാഥനെ 1500 രൂപയ്ക്ക് വാങ്ങി.

അന്തിക്കാട്ടെത്തിയ രംഗനാഥന് പോഷകസമൃദ്ധമായ ഭക്ഷണമായിരുന്നു. നല്ലെണ്ണയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത ചോറ്. പനംപട്ട, കുമ്പള. അന്തിക്കാട് ഭഗവതിക്ഷേത്രത്തിലെയും തേവാരപ്പുരയിലെയും ഗണപതിഹോമത്തിന്റെ നൈവേദ്യം. ച്യവനപ്രാശം ലേഹ്യവും ആയുര്‍വേദ ഔഷധങ്ങളും. രംഗനാഥന്‍ തടിച്ചുകൊഴുത്ത് അഴകൊത്ത ആനയായി

തൃശ്ശൂര്‍പൂരത്തിന് വര്‍ഷങ്ങളായി തിരുവമ്പാടിയുടെ തിടമ്പേറ്റുകാരനായിരുന്ന പൂമുള്ളി ശേഖരനെ പുറന്തള്ളിക്കൊണ്ടായിരുന്നു അരങ്ങേറ്റം. പൊക്കത്തില്‍ മാത്രമല്ല സ്വഭാവത്തിലും ഈ കൊമ്പന്‍ ഒന്നാമനായിരുന്നു. ഒരിക്കലും കുറുമ്പുകാട്ടാത്തവന്‍. മഹാകവി വള്ളത്തോളടക്കം പ്രമുഖ കവികള്‍ എഴുതിയ 'ചെങ്ങല്ലൂരാന' എന്ന പുസ്തകത്തില്‍ രംഗനാഥനെ വര്‍ണിച്ചിരിക്കുന്നത് അത്രമേല്‍ മനോഹരമാണ്.


ഒരുപാട് ചരിത്രങ്ങളില്‍ ഇടംനേടിയ കൊമ്പനാണ് ചെങ്ങല്ലൂര്‍ രംഗനാഥന്‍. 1914 ല്‍ ആറാട്ടുപുഴ പൂരത്തോടെയായിരുന്നു രംഗനാഥന്‍ രംഗമൊഴിഞ്ഞത്. 1917 ല്‍ ആ ഗജവിസ്മയം അസ്തമിച്ചു. തൃശ്ശൂരിലെ പുരാവസ്തു മ്യൂസിയത്തില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള രംഗനാഥന്റെ അസ്ഥിപഞ്ജരം സൂക്ഷിച്ചിട്ടുണ്ട്. 100 വര്‍ഷം മുമ്പ് കേരളത്തിലെ ഉത്സവങ്ങളില്‍ ഭൂരിഭാഗവും എഴുന്നെള്ളിപ്പിലെ നേതൃസ്ഥാനം രംഗനാഥനായിരുന്നു.