Friday, 15 November 2013

മലയാലപ്പുഴ രാജന്‍

ശബരിമല ക്ഷേത്രത്തില്‍ ധര്‍മശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിവരുന്ന ഗജവീരന്‍ എന്ന നിലയില്‍ കേരളം അങ്ങോളമിങ്ങോളം പ്രസിദ്ധനായിത്തീര്‍ന്ന സഹ്യപുത്രന്‍; അവനാണ് മലയാലപ്പുഴ രാജന്‍.. ..

എടുപ്പിലും നടപ്പിലും സഹ്യപുത്രന്മാരുടെ തറവാട്ടുമഹിമ വിളംബരം ചെയ്യുന്ന ഈ ആനത്താരത്തിന്റെ അവയവങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. എടുത്തകന്ന കൊമ്പുകളും ഭംഗിയാര്‍ന്ന വാല്‍ച്ചെവികളും നിലത്തിഴയുകയില്ലെങ്കില്‍ കൂടി നിലംതൊടുന്ന തുമ്പിക്കൈയും കരിവീട്ടി തോറ്റുപോകുന്ന കരിങ്കറുപ്പന്‍ നിറവുമെല്ലാം ഏത് ആനക്കൂട്ടത്തിലും മലയാലപ്പുഴ രാജനെ വേറിട്ട് നിര്‍ത്തും. ഉയരം ഒമ്പതരയടിക്ക് ഇത്തിരി മേലെ, മൂന്നരങ്ങില്‍ തടിച്ചുതുള്ളി നില്‍ക്കുന്ന ആനയ്ക്ക് പക്ഷേ ഇടനീളം കുറവായതിനാല്‍ പിന്നില്‍ നിന്ന് നോക്കിയാല്‍ ഉള്ളത്ര വലിപ്പം തോന്നിച്ചെന്നും വരില്ല.

ക്ഷേത്രത്തിലെ നാട്ടാനക്കേമന്മാരില്‍ എണ്ണം പറഞ്ഞ വീരന്‍ പാമ്പാടി രാജനുമായുള്ള അസാമന്യ രൂപസാദൃശ്യവും മലയാലപ്പുഴ ആനയുടെ പ്രത്യേകതയാണ്. പാമ്പാടി രാജന്റെയത്ര ഉയരവും ദേഹപുഷ്ടിയും വരില്ലെങ്കിലും എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ഈ രാജന്റെയും വ്യക്തിമുദ്രകളായി മാറിയിരിക്കുന്നു. മലയാലപ്പുഴ രാജന്റെ മുഖൂത്തേക്ക് ഇത്തിരി നേരം അടുപ്പിച്ച് ഒന്ന് നോക്കിനിന്നു പോയാല്‍ സ്വയമറിയാതെന്നോണം ആരും രണ്ട് ചുവട് പിന്നോട്ട് മാറിപ്പോകുന്ന ഒരു വജ്രായുധ ഭാവവും ഇവന്റെ മുഖത്തുണ്ട്.

No comments:

Post a Comment