Thursday, 14 November 2013

ചെങ്ങല്ലൂര്‍ രംഗനാഥന്‍.

തമിഴ്‌നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിന്‍േറതായിരുന്നു ഈ ആന. കാവേരി നദിയില്‍നിന്ന് വലിയ അണ്ടാവുകളില്‍ ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള വെള്ളം എത്തിക്കലായിരുന്നു ജോലി. വൈക്കോലും ചോറും തീറ്റ. വളര്‍ന്നു വലുതായപ്പോള്‍ ക്ഷേത്രഗോപുരം കടക്കാന്‍ പറ്റാതായി. തമിഴ്‌നാട്ടില്‍ എഴുന്നെള്ളിപ്പുകള്‍ ഇല്ലാത്തതിനാല്‍ ശ്രീരംഗത്തുകാര്‍ക്ക് രംഗനാഥന്‍ അധികപ്പറ്റായി. അണ്ടാവുകള്‍ ഉരഞ്ഞ് വ്രണമായി. ഒട്ടിയ വയറുകള്‍, കുണ്ടിലായ കണ്ണുകള്‍, ആകെ ശോഷിച്ച നില. ക്ഷേത്രാധികാരികള്‍ ആനയെ വില്‍ക്കാന്‍ തീരുമാനിച്ചു. പത്രപരസ്യം കണ്ട് തൃശ്ശൂര്‍ അന്തിക്കാട് ചെങ്ങല്ലൂര്‍ മനയ്ക്കലെ പരമേശ്വരന്‍ നമ്പൂതിരി 1905 ല്‍ രംഗനാഥനെ 1500 രൂപയ്ക്ക് വാങ്ങി.

അന്തിക്കാട്ടെത്തിയ രംഗനാഥന് പോഷകസമൃദ്ധമായ ഭക്ഷണമായിരുന്നു. നല്ലെണ്ണയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത ചോറ്. പനംപട്ട, കുമ്പള. അന്തിക്കാട് ഭഗവതിക്ഷേത്രത്തിലെയും തേവാരപ്പുരയിലെയും ഗണപതിഹോമത്തിന്റെ നൈവേദ്യം. ച്യവനപ്രാശം ലേഹ്യവും ആയുര്‍വേദ ഔഷധങ്ങളും. രംഗനാഥന്‍ തടിച്ചുകൊഴുത്ത് അഴകൊത്ത ആനയായി

തൃശ്ശൂര്‍പൂരത്തിന് വര്‍ഷങ്ങളായി തിരുവമ്പാടിയുടെ തിടമ്പേറ്റുകാരനായിരുന്ന പൂമുള്ളി ശേഖരനെ പുറന്തള്ളിക്കൊണ്ടായിരുന്നു അരങ്ങേറ്റം. പൊക്കത്തില്‍ മാത്രമല്ല സ്വഭാവത്തിലും ഈ കൊമ്പന്‍ ഒന്നാമനായിരുന്നു. ഒരിക്കലും കുറുമ്പുകാട്ടാത്തവന്‍. മഹാകവി വള്ളത്തോളടക്കം പ്രമുഖ കവികള്‍ എഴുതിയ 'ചെങ്ങല്ലൂരാന' എന്ന പുസ്തകത്തില്‍ രംഗനാഥനെ വര്‍ണിച്ചിരിക്കുന്നത് അത്രമേല്‍ മനോഹരമാണ്.


ഒരുപാട് ചരിത്രങ്ങളില്‍ ഇടംനേടിയ കൊമ്പനാണ് ചെങ്ങല്ലൂര്‍ രംഗനാഥന്‍. 1914 ല്‍ ആറാട്ടുപുഴ പൂരത്തോടെയായിരുന്നു രംഗനാഥന്‍ രംഗമൊഴിഞ്ഞത്. 1917 ല്‍ ആ ഗജവിസ്മയം അസ്തമിച്ചു. തൃശ്ശൂരിലെ പുരാവസ്തു മ്യൂസിയത്തില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള രംഗനാഥന്റെ അസ്ഥിപഞ്ജരം സൂക്ഷിച്ചിട്ടുണ്ട്. 100 വര്‍ഷം മുമ്പ് കേരളത്തിലെ ഉത്സവങ്ങളില്‍ ഭൂരിഭാഗവും എഴുന്നെള്ളിപ്പിലെ നേതൃസ്ഥാനം രംഗനാഥനായിരുന്നു.

No comments:

Post a Comment