Friday, 15 November 2013

സാജ് പ്രസാദ്‌

ഓരോ ആനയും വേറിട്ടൊരു ജന്മമാണെന്നും ഓരോ ആനയ്ക്കും അവന്റേതുമാത്രമായ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കഴിവുകളും ആണുള്ളതെന്നും ലോകത്തോട് മുഴുവന്‍ ഉദ്‌ഘോഷിച്ച ഒരാനപ്പിറവി സാജ് പ്രസാദ്. 

ഭംഗിയും തെറ്റില്ലാത്ത ഉയരവുമൊക്കെയുള്ള ഒരാനയുണ്ട്, പക്ഷേ ഉത്സവത്തിനൊക്കെ വന്നാല്‍ വന്നെന്നേയുള്ളൂ. മില്ലിലെ തടിപ്പണി തന്നെയാണ് അധിക സമയവും! എന്നായിരുന്നു അവനെക്കുറിച്ചുള്ള ആദ്യത്തെ കേട്ടറിവ്. തടിപ്പണിയെന്നാല്‍ അത് ആനകളുടെ നരകപര്‍വ്വം എന്ന മുന്‍ധാരണ തിരുത്തിക്കുറിച്ച ഒരാനപ്പിറവി, ഒരതിശയ സുന്ദരന്‍- അതായിരുന്നു സാജ്പ്രസാദ്.

വന്‍മരങ്ങള്‍ക്ക് മുമ്പില്‍ മൂക്ക് കൊണ്ട് 'ക്ഷ' വരയ്ക്കുന്ന ആനകളുണ്ടാവാം. പക്ഷേ സാജ്പ്രസാദിനെ സംബന്ധിച്ചിടത്തോളം തടിപ്പണി എന്നത് 'പുന്നയ്ക്കാ' കൊണ്ട് അമ്മാനമാടുന്നതിന് തുല്യമായിരുന്നു. എത്ര വലിയ മരമായിരുന്നാലും സാജ്പ്രസാദ് അതെടുത്ത് ലോറിയിലേക്ക് ലോഡ് ചെയ്യുമ്പോള്‍ അക്കാര്യം മരവും അറിയില്ല, ലോറിയും അറിയില്ല എന്നുപറഞ്ഞാല്‍ അതായിരുന്നു സത്യം.

അസാമാന്യ സൗന്ദര്യത്തിന് ഉടമയായിരുന്ന സാജ് പ്രസാദ് തൃശൂര്‍പൂരവും നെന്മാറ-വല്ലങ്ങിവേലയും പോലുള്ള പേരുകേട്ട ഉത്സവങ്ങളിലും പതിവു സാന്നിധ്യമായിരുന്നു.

ജന്മം കൊണ്ട് ബീഹാറിയായ ഈ ആനയെ ലക്കിടിക്കടുത്തുള്ള ഒരു തടിമില്ലില്‍ നിന്നാണ് സാജ് ടിമ്പേഴ്‌സിലെ കുമാരന്‍ അക്കാലത്തെ മോഹവില നല്‍കി സ്വന്തമാക്കിയത്.

ഒട്ടേറെ ഗജശ്രേഷ്ഠന്‍മാരുടെ ജീവന്‍ അപഹരിച്ചിട്ടുള്ള എരണ്ടക്കെട്ട് എന്ന മാരകരോഗം അവസാനം ആ വേട്ടിട്ടജന്മ'ത്തെയും കവര്‍ന്നെടുക്കുകയായിരുന്നു. 2007-ലെ വടക്കുംനാഥന്‍ ആനയൂട്ടിന് ശേഷം എരണ്ടക്കെട്ടിന്റെ പിടിയിലായ പ്രസാദിന്റെ ജീവന്‍ രക്ഷിക്കാന്‍ നല്ലവനായ ഉടമ ലഭ്യമായ ചികിത്സകള്‍ എല്ലാം ലഭ്യമാക്കി, വരുത്താവുന്ന ഡോക്ടര്‍മാരെയെല്ലാം വരുത്തി, നടത്താവുന്ന വഴിപാടുകള്‍ എല്ലാം നടത്തി. പക്ഷേ 2007 ആഗസ്ത് 21-ാം തീയതി സാജ്പ്രസാദ് മരണത്തിന് കീഴടങ്ങി.


അതുല്യമായ ആനച്ചന്തത്തിലൂടെയും സമാനതകളില്ലാത്ത ജീവിതശൈലിയിലൂടെയും, ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവരെയൊക്കെ തന്റെ ആത്മമിത്രങ്ങളും ആരാധകരുമാക്കി മാറ്റിയവനായിരുന്നു സാജ് പ്രസാദ്.

No comments:

Post a Comment