Friday, 15 November 2013

അടിയാട്ട് അയ്യപ്പന്‍

സഹ്യപുത്രന്‍മാരെന്ന നാടനാനകള്‍ക്കിടയില്‍ ചെറുപ്രായത്തില്‍ തന്നെ ലക്ഷണത്തികവുകളുടെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിക്കുകയും, പിന്നീട് വളര്‍ച്ചയുടെ ഓരോ പടവിലും തന്റെ മേലുള്ള ലോകത്തിന്റെ പ്രതീക്ഷ ഉത്തരോത്തരം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഒരു ഗജകുമാരന്‍ മലയാളക്കരയുടെ കണ്ണിലുണ്ണിയായില്ലങ്കിലല്ലേ അത്ഭുതമുള്ളു. അപൂര്‍വ സുന്ദരമായ രൂപസൗകുമാര്യത്തിനൊപ്പം ആരും കൊതിക്കുന്ന ഭാഗ്യജാതകവും ശരിസ്സില്‍ വരയ്ക്കപ്പെട്ട ഒരു ഗജകുമാരന്‍, അതാണ് അടിയാട്ട് അയ്യപ്പന്‍.

ഭാവിവാഗ്ദാനം എന്ന നിലയ്ക്ക് ആനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ഗജകുമാരന്റെ ഏറ്റവും വലിയ പൊന്‍തിളക്കങ്ങള്‍, ലക്ഷണശാസ്ത്രങ്ങള്‍ അനുശാസിക്കും വിധമുള്ള കിറുകൃത്യമായ അവയവഭംഗി തന്നെയാണ്. വീണെടുത്ത കൊമ്പുകളും നിലംപറ്റുന്ന തുമ്പികൈയും വിരിഞ്ഞ മസ്തകവും കരിങ്കറുപ്പ് നിറവും മോശമല്ലാത്ത ഇടനീളവുമൊക്കെ അടിയാട്ട് അയ്യപ്പനെ കാഴ്ചയുടെ പള്ളിത്തേരാക്കി മാറ്റുന്നു.

കേവലം 20 വയസിന് താഴെ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ അത്യാവശ്യം എഴുന്നെള്ളിപ്പുകളില്‍ കൂട്ടത്തില്‍ കയറ്റിനിര്‍ത്താന്‍ പാകത്തിലുള്ള ഉയരത്തിലേക്ക് എത്തിക്കഴിഞ്ഞ അയ്യപ്പനെപ്പോലുള്ള ഒരു സഹ്യപുത്രന്‍, ഒമ്പതരയടിയൊക്കെ എത്തിയാല്‍ തന്നെ ആനക്കമ്പക്കാര്‍ക്ക് അത് മനസ്സുകുളിര്‍പ്പിക്കുന്ന കാഴ്ചയായിരിക്കും. ഒമ്പതര അടിക്ക് മേലോട്ടുള്ള ഒരോ ഇഞ്ച് വളര്‍ച്ചയും ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.

തൃശ്ശൂര്‍ സ്വദേശിയും ഗള്‍ഫിലെ വ്യവസായ പ്രമുഖനുമായ ടി.എ.സുന്ദര്‍മേനോന്റെ മാനസപുത്രനും അഭിമാനവുമാണ് അയ്യപ്പന്‍. കണ്ണുവെച്ചവര്‍ക്കെല്ലാം കിട്ടാക്കനിയായി ഏവരെയും കൊതിപ്പിച്ചുകൊണ്ട് വിലസിയിരുന്ന പൂക്കോടന്‍ ശിവനെന്ന ആനച്ചന്തത്തെ, അന്നേവരെ ആരും കേട്ടിട്ടില്ലാത്ത അത്രയും വലിയ ആനവില നല്‍കി സ്വന്തമാക്കി, തൃശ്ശൂര്‍ പൂരത്തിന്റെ പൊന്‍തിടമ്പേറ്റുവാനായി 'തിരുവമ്പാടി ശിവസുന്ദറാ'ക്കി നടയ്ക്കിരുത്തിയ വ്യക്തിയാണ് സുന്ദര്‍മേനോന്‍.

പാലക്കാട് ചിറ്റൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് ഗജകുമാരപ്പട്ടം നേടിയ അടിയാട്ട് അയ്യപ്പന്റെ ചുവടുവെയ്പ്പുകള്‍ക്കും ചരിത്രനിര്‍മിതിക്കുമായി കാത്തിരിക്കാം.

No comments:

Post a Comment